സ്വർണക്കടകളിൽ പരിശോധന; ₹100 കോടി വെട്ടിപ്പ് കണ്ടെത്തിയെന്ന് ജി.എസ്.ടി വകുപ്പ്, ‘ഓണവ്യാപാരം തടസപ്പെടുത്താനെന്ന്’ വ്യാപാരികൾ

തൃശൂർ: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വൻ പരിശോധനയിൽ സ്വർണ വ്യാപാര മേഖലയിലെ ക്രമക്കേടുകൾ പുറത്തു വന്നു. തൃശൂരിലെ 16 സ്വർണവ്യാപാര സ്ഥാപനങ്ങളിലും വസതികളിലും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ നടത്തിയ ‘ഓപ്പറേഷൻ ആർകൺസ്റ്റോൺ’ എന്ന പരിശോധനയിലാണ് ഏകദേശം ₹100 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇരുന്നൂറിലധികം ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശോധനയിൽ 36 കിലോയോളം അനധികൃത സ്വർണം കണ്ടെത്തി. ഇതുവരെ ₹2 കോടി രൂപയിൽ അധികം പിഴ ഈടാക്കിയതായും വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടികൾ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, പരിശോധന അനാവശ്യമായ സമയത്താണ് നടന്നതെന്നും ഓണക്കാല വ്യാപാരത്തിന് തിരിച്ചടിയായെന്നും വ്യാപാരികൾ ആരോപിച്ചു. “ചില സ്ഥാപനങ്ങളിൽ നിന്നു കണ്ടെത്തിയത് നാമമാത്രമായ അധിക തൂക്കമുള്ള സ്വർണമാത്രമാണ്. അതിനെ പർവതീകരിച്ച് കോടികൾ വിലമതിക്കുന്ന നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നത് കാടടച്ചു വെടിവെക്കലാണ്” – ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും പ്രതികരിച്ചു.

സ്വർണവില ഉയർന്നതിനെ തുടർന്ന് വ്യാപാരം കുറഞ്ഞിരിക്കുമ്പോൾ ഇത്തരം പരിശോധനകൾ വ്യാപാരികളെ അപമാനിക്കുന്ന നടപടികളാണെന്നും അവർ പറഞ്ഞു. സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും നികുതി വരുമാനവും സർക്കാർ കൃത്യമായ കണക്ക് സഹിതം വ്യക്തമാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

malayalampulse

malayalampulse