99% സാധനങ്ങൾ 5% സ്ലാബിൽ; വിലക്കുറവിന്റെ കാലം തുടങ്ങുന്നു: ജിഎസ്ടി പരിഷ്കാരവുമായി പ്രധാനമന്ത്രി മോദി

ദില്ലി: രാജ്യത്ത് ചരക്ക്-സേവന നികുതി (ജിഎസ്ടി) ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി, “99 ശതമാനം സാധനങ്ങളും ഇനി 5 ശതമാനം സ്ലാബിലാകും. ജനങ്ങൾക്ക് വിലക്കുറവിന്റെ കാലം തുടങ്ങുകയാണ്” എന്ന് വ്യക്തമാക്കി.

നവരാത്രി ആശംസകളോടെ തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ, “ജി.എസ്.ടി സേവിംഗ്സ് ഉത്സവം നാളെ മുതൽ ആരംഭിക്കും. മധ്യവർഗം, യുവാക്കൾ, കർഷകർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും ആശ്വാസം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റാം” എന്നും മോദി പറഞ്ഞു.

ഇതിനുമുമ്പ് നിലവിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാല് നികുതി സ്ലാബുകൾക്ക് പകരം ഇനി 5%യും 18%യും മാത്രം. രാജ്യത്തെ സാമ്പത്തിക വളർച്ച വേഗത്തിലാക്കുകയും ജനങ്ങൾക്ക് നികുതി ഭാരത്തിൽ നിന്നും മോചനം നൽകുകയും ചെയ്യാനാണ് തീരുമാനമെന്ന് മോദി വ്യക്തമാക്കി.

നാളെ മുതൽ ജിഎസ്ടി സേവിംഗ്സ് വാരം ആചരിക്കുമെന്നും, രാജ്യവ്യാപകമായി ബോധവത്കരണ പരിപാടികളും പദയാത്രകളും നടത്തുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

വിലക്കുറവിനെ കുറിച്ച് പല പ്രമുഖ കമ്പനികളും ഇതിനകം പരസ്യം നൽകിയിട്ടുണ്ട്. വാഹനനിർമ്മാതാക്കളിൽ നിന്ന് ചോക്ലേറ്റ് നിർമ്മാതാക്കൾ വരെ പുതുക്കിയ വില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, പുതിയ സ്റ്റോക്കുകൾ എത്തുന്നതോടെ മാത്രമേ വിലക്കുറവ് ചെറുകിട വ്യാപാര രംഗത്ത് പ്രതിഫലിക്കുകയുള്ളു.

malayalampulse

malayalampulse