അഹമ്മദാബാദ്: പതിവ്രതയാണെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ക്രൂര പരീക്ഷണത്തിന് വിധേയയാക്കി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ 30 വയസുകാരിക്കാണ് ഈ ക്രൂരത. ഗുരുതരമായ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം സെപ്റ്റംബര്‍ 16-ന് വിജാപൂര്‍ ഗെരിറ്റ ഗ്രാമത്തിലാണ് നടന്നത്. ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേരും ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അതില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതും, യുവതി പൊള്ളലേറ്റ് കൈവലിക്കുന്നതുമായ ദൃശ്യങ്ങളുണ്ട്.
യുവതി പതിവ്രതയല്ലെന്ന സംശയമാണ് ഇത്തരം അമാനുഷിക നടപടിയിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് ചൗഹാന്‍ പറഞ്ഞു. പതിവ്രതയായിരുന്നുവെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ എണ്ണയില്‍ കൈ മുക്കാന്‍ നിര്‍ബന്ധിച്ചതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ വിജാപൂര്‍ പൊലീസ് കേസെടുത്തു.
