ഗുരുവായൂർ ദേവസ്വത്തിന് 1,601 കോടിയുടെ സ്വർണം; കണ്ണന് 21.75 പവൻ സ്വർണക്കിരീടം

1,119 കിലോ സ്വർണം ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശം

തൃശ്ശൂർ:

ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 1,601 കോടി രൂപയെന്ന് വിവരാവകാശ രേഖകൾ. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആകെ 1,119.16 കിലോ സ്വർണം ഗുരുവായൂർ ദേവസ്വത്തിനുണ്ട്. ഇത് ഏകദേശം 13,989.5 പവൻ വരും. പവന് 1,14,500 രൂപ എന്ന നിരക്കിലാണ് സ്വർണത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.

സ്വർണ നിക്ഷേപ പദ്ധതിപ്രകാരം 869 കിലോ സ്വർണം എസ്ബിഐയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഡബിൾ ലോക്കർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ 245.52 കിലോ സ്വർണം വേറെയും ദേവസ്വത്തിനുണ്ട്. ഇതിന് പുറമെ, സ്വർണ ലോക്കറ്റുകൾ നിർമ്മിക്കാൻ നൽകിയതിന്റെ ബാക്കി 4.46 കിലോ സ്വർണം കേന്ദ്രസർക്കാരിന്റെ മുംബൈ മിന്റിൽ സൂക്ഷിച്ചിരിക്കുകയാണ്.

വൻ വെള്ളിനിക്ഷേപവും ദേവസ്വത്തിനുണ്ട്. ഡബിൾ ലോക്കർ രജിസ്റ്റർ പ്രകാരം 1,357 കിലോ വെള്ളി ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശമുണ്ട്. കൂടാതെ, 4,978.89 ഗ്രാം വെള്ളി കേന്ദ്രസർക്കാരിന്റെ ഹൈദരാബാദ് മിന്റിലും സൂക്ഷിച്ചിരിക്കുന്നു. ഇതോടെ ആകെ 6,335 കിലോ വെള്ളി ദേവസ്വത്തിനുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ 215.75 കിലോ ചെമ്പുനാണയങ്ങളും ദേവസ്വത്തിന്റെ കൈവശമുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും സ്വർണ–വെള്ളി ഉരുപ്പടികൾ ഉണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ. ഷാജു ശങ്കറാണ് വിവരങ്ങൾ നൽകിയത്.

കണ്ണന് 21.75 പവൻ സ്വർണക്കിരീടം

ഗുരുവായൂർ ക്ഷേത്രത്തിൽ 174 ഗ്രാം തൂക്കം വരുന്ന (21.75 പവൻ) സ്വർണക്കിരീടം വഴിപാടായി സമർപ്പിച്ചു. വിശേഷ ദിവസങ്ങളിൽ ശ്രീകൃഷ്ണനു ചാർത്താൻ അനുയോജ്യമായ രീതിയിൽ, മുത്തുകളും കല്ലുകളും പതിപ്പിച്ച് മനോഹരമായി നിർമിച്ച കിരീടമാണ് സമർപ്പിച്ചത്.

തൃശ്ശൂരിലെ അജയ് ആൻഡ് കമ്പനി ഉടമ സി.എസ്. അജയ്‌കുമാറിന്റെ ഭാര്യ സിനി അജയ്‌കുമാറാണ് വഴിപാട് നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെ കൊടിമരത്തിന് മുന്നിൽ വെച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

malayalampulse

malayalampulse