ചികിത്സയിലായിരുന്ന കൊമ്പന്‍ ഗോകുലിന് ക്രൂരമര്‍ദ്ദനം? ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ആരോപണം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രശസ്ത ആനയായ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായ ആരോപണങ്ങള്‍. ചികിത്സയിലായിരുന്ന ആനയെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചതാണ് ചരിയാന്‍ കാരണമെന്ന് ആരോപണം ഉയരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആനക്കോട്ട അധികൃതരുടെ വിശദീകരണം.

മര്‍ദ്ദനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രണ്ടാം പാപ്പാന്‍ ജി. ഗോകുളിനെയും, മൂന്നാം പാപ്പാന്‍ കെ.എ. സത്യനെയും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടി ദേവസ്വം ഭരണസമിതി സെപ്റ്റംബര്‍ 26-ലെ തീരുമാനം അടിസ്ഥാനമാക്കിയുള്ളതാണ്.

മര്‍ദ്ദനത്തിന്റെ ആരോപണം

സെപ്റ്റംബര്‍ 9ന് രാത്രി 10 മണിയോടെയാണ് ആനയ്ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്നതാണ് വിവരം. പുതിയ പാപ്പാന്‍മാരും അവര്‍ക്ക് സഹായത്തിനായി എത്തിയ പുറമേ നിന്നുള്ള ചിലരും ചേര്‍ന്നാണ് ആനയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് ആരോപണം.

ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡ്, ആനയുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയപ്പോള്‍ രണ്ടാം പാപ്പാന്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്; മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതായും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.

ചികിത്സയ്ക്കിടെ ദുരന്തം

ഫെബ്രുവരിയില്‍ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ കൂട്ടാനയുടെ കുത്തേറ്റാണ് ഗോകുള്‍ക്ക് ഗുരുതരമായ പരിക്കേറ്റത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മറ്റൊരു ആനയായ പീതാംബരന്‍ ഇടഞ്ഞ് കുത്തിയതാണ് സംഭവം. അന്ന് മുതല്‍ ഗോകുല്‍ ചികിത്സയിലായിരുന്നു.

പലയാവര്‍ത്തി കൂട്ടാനയുടെ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് ഗോകുലിനെ പുറത്തിറക്കാറില്ലായിരുന്നു. ഒരാഴ്ചയായി തീറ്റയെടുക്കാതിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഒറ്റകൊമ്പനാണ് ഗോകുല്‍. വലതുകൊമ്പ് തെങ്ങ് വീണ് പൊട്ടിയതിനെ തുടര്‍ന്ന് ഫൈബര്‍ കൊമ്പ് പിടിപ്പിച്ചിരുന്നതായിരുന്നു. ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായിരുന്നു ഗോകുല്‍.

അന്വേഷണം ആവശ്യപ്പെട്ടു

ചികിത്സയ്ക്കിടെ വീണ്ടും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതാണ് ഗോകുലിന്റെ മരണം വേഗത്തിലാക്കിയതെന്ന് ആനപ്രേമികള്‍ ആരോപിക്കുന്നു.

വനം വകുപ്പ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആനപ്രേമി സംഘം പ്രസിഡന്റ് കെ.പി. ഉദയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

malayalampulse

malayalampulse