ഗുരുവായൂർ:
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം പ്രഖ്യാപിച്ചു. ക്ഷേത്രക്കുളത്തിൽ അഹിന്ദു വനിത വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നതിനാൽ നാളെ / ചൊവ്വ രാവിലെ 5 മണി മുതൽ ഉച്ചവരെ പുണ്യാഹകർമ്മങ്ങൾ നടത്തും.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അറിയിച്ചു പോലെ, ശുദ്ധികർമ്മങ്ങൾ പൂർത്തിയായതിന് ശേഷം വൈകുന്നേരം മുതൽ മാത്രമേ ഭക്തജനങ്ങൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനം സാധ്യമാകൂ.
18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയും റീൽസ് ചിത്രീകരിച്ചതും വിവാദമായിരുന്നു.
ക്ഷേത്രക്കുളത്തിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്കുള്ളതിനാൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജാസ്മിൻ ജാഫർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. അറിവില്ലായ്മ കൊണ്ടുണ്ടായ തെറ്റാണെന്നും ആരെയും വേദനിപ്പിക്കാനല്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
