ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് ഉടൻ നിലപാട് അറിയിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണമെന്നത് ഹമാസിന്റെ പ്രധാന ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഹമാസിനെ നിരായുധീകരിക്കണമെന്ന വ്യവസ്ഥയിൽ ഭേദഗതി ആവശ്യപ്പെടാനാണ് ശ്രമം.
ഖത്തർ, ഈജിപ്ത്, തുർക്കി എന്നിവരുമായി ഹമാസ് ഇപ്പോഴും ചര്‍ച്ചകളിലാണ്. അതേസമയം, ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പെടെ ആഗോള പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ട്രംപിന്റെ നിർദേശങ്ങൾ
സെപ്റ്റംബർ 29-ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് 20 നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. അതിൽ ചില പ്രധാന വ്യവസ്ഥകൾ:
ഹമാസ് ബന്ദികളെ മോചിപ്പിക്കണം ഗാസയിലെ ഹമാസ് അധികാരം ഒഴിയണം, ആയുധം ഉപേക്ഷിക്കണം പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും സഹായവിതരണം യു.എൻ., റെഡ് ക്രസന്റ് തുടങ്ങിയ ഏജൻസികൾ മുഖേന ഇസ്രയേൽ സേന ഗാസയിൽ നിന്ന് ഘട്ടംഘട്ടമായി പിൻമാറും പലസ്തീൻ പ്രദേശങ്ങൾ നോൺ-പൊളിറ്റിക്കൽ സമിതിയുടെ കീഴിൽ താൽക്കാലിക ഭരണത്തിലേക്ക്
ഗാസയിലെ സാഹചര്യം
ഹമാസിന്റെ മറുപടി നീണ്ടാൽ ഇസ്രയേലിന് ഏതുതരത്തിലുള്ള നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറിച്ച് കടുത്ത നിലപാട് സ്വീകരിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, ഗാസ സിറ്റിയിലെ ശേഷിക്കുന്ന എല്ലാ പലസ്തീനികളും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ അവസാനശാസനം നൽകി. ഒഴിഞ്ഞുപോകാത്തവർ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്നും, അവർക്കെതിരെ സേന ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
