കൊച്ചി: ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വേദികളാകാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്ക് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നിർദേശം നൽകിയത്. എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.
മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരോധിക്കുന്ന 1988-ലെ നിയമത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമലംഘനമുണ്ടായാൽ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്നും കോടതി നിർദേശിച്ചു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രം, ആറ്റിങ്ങൽ ശ്രീ ഇന്ദിലയപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന പരിപാടികളെയാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. ഗസൽ ഗായകൻ അലോഷി വിപ്ലവഗാനം ആലപിച്ചതും ആറ്റിങ്ങൽ ക്ഷേത്രത്തിൽ കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും അവതരിപ്പിച്ചതും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. കോഴിക്കോട് തളി ക്ഷേത്രത്തിലെ വിവാഹച്ചടങ്ങിനിടെ എസ്എഫ്‌ഐ സിന്ദാബാദ് എന്നു വിളിച്ച സംഭവവും ഹർജിയിൽ ഉൾപ്പെടുത്തി.
ക്ഷേത്രാചാരങ്ങളുമായി ബന്ധമില്ലാത്ത മറ്റു പരിപാടികളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നായിരുന്നു ദേവസ്വം ബോർഡുകളുടെ വാദം. എന്നാൽ, 1988-ലെ നിയമത്തിലെ വകുപ്പ് മൂന്ന് ക്ഷേത്രപരിസരങ്ങൾ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നത് വിലക്കുന്നുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
