സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. സ്കൂൾ തലത്തിൽ സമവായം ഉണ്ടെന്ന് അറിഞ്ഞു, അങ്ങനെയാണെങ്കിൽ അത് നല്ലതാണ് എന്നും അദ്ദേഹം പറഞ്ഞു. “തർക്കം വഷളാക്കാൻ താല്പര്യമില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല,” എന്നും മന്ത്രി വ്യക്തമാക്കി.

കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയതായി മന്ത്രി പറഞ്ഞു. “ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്കൂളിൽ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ പ്രശ്നം തീർന്നു. ഒരു കുട്ടിയുടെ പഠനാവകാശം നിഷേധിക്കാൻ ആരും അർഹരല്ല,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.

“കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെട്ടത്. അതിനനുസരിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഭരണഘടനയും വിദ്യാഭ്യാസ ചട്ടങ്ങളും പാലിച്ച് പ്രവർത്തിക്കേണ്ടത് സ്കൂളാണ്,” ശിവൻകുട്ടി വ്യക്തമാക്കി.

ശിരോവസ്ത്രം ധരിച്ചതിനാൽ കുട്ടിയെ പുറത്താക്കിയ തീരുമാനം ചട്ടവിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റിനോട് വിശദീകരണം തേടിയതെന്നും മന്ത്രി വ്യക്തമാക്കി.

“ഇത്തരം സംഭവങ്ങൾ വർഗീയ വേർതിരിവ് സൃഷ്ടിക്കാൻ ചില വിഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഭരണഘടനയുടെയും കോടതിവിധികളുടെയും പരിധിയിലായിരിക്കും സർക്കാർ നീങ്ങുക. നിയമാനുസൃത നടപടികൾ പാലിക്കാതെ മാനേജ്മെന്റിന്റെ താൽപര്യപ്രകാരം പ്രവർത്തിക്കുന്ന പിടിഎയാണ് ഇവിടെ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്,” മന്ത്രി ആരോപിച്ചു.

അൺ-എയ്ഡഡ് സ്ഥാപനങ്ങളായ സ്കൂളുകൾക്ക് എൻഒസി പുതുക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. “വിഷയം ചൂഷണം ചെയ്യാനുള്ള ശ്രമം മനസിലായതിനാലാണ് സമവായം ഉണ്ടെങ്കിൽ അതിലൂടെ വിഷയം അവസാനിപ്പിക്കാമെന്ന് പറഞ്ഞത്,” എന്നും ശിവൻകുട്ടി പറഞ്ഞു.

malayalampulse

malayalampulse