ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീർക്കാൻ 100 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ഉപകരണ ക്ഷാമം പരിഹരിക്കാൻ സർക്കാർ താത്കാലിക ഇടപെടലുമായി. വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു.

അനുവദിച്ച തുകയിൽ 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്‌സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല ധനസഹായം അനുവദിച്ചിട്ടുണ്ട്. 50 കോടി രൂപയാണ് കെഎംഎസ്‌സിഎല്ലിന് അനുവദിച്ചിരിക്കുന്നത്.

എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള കുടിശ്ശികകൾ തീർക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. തുക അക്കൗണ്ടിൽ എത്തിയാൽ മാത്രമേ വിതരണം പുനസ്ഥാപിക്കൂവെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപകരണ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രതിസന്ധി രൂക്ഷമായി. ശസ്ത്രക്രിയകൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.

malayalampulse

malayalampulse