പാലക്കാട്: സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൈഡൽ ടൂറിസം അഴിമതിയിൽ
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും പി.രാജീവും നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. ഹൈഡൽ ടൂറിസം അഴിമതിയിൽ പങ്കാളിയായ കെടിഡിസി ഡയറക്ടർ ബെന്നി മൂഞ്ഞേലിയുടെ കാര്യത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും കേരള എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്സ് ലിമിറ്റഡ് ( കെഇപിഐപി) ചെയർമാൻ സാബു ജോർജിൻ്റെ കാര്യത്തിൽ വ്യവസായ മന്ത്രി പി.രാജീവും പ്രതികരിക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം.
ഹൈഡൽ ടൂറിസത്തിൻ്റെ പേരിൽ
ജനതാദൾ നേതാക്കൾ പകൽക്കൊള്ള നടത്തുന്നതായി തെളിവുകൾ സുമേഷ് അച്യുതൻ പുറത്തുവിട്ടു. പാലക്കാട്ട് നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ആവശ്യമുന്നയിച്ചത് . ഹൈഡൽ ടൂറിസത്തിൻ്റെ ബൈലോയിൽ കെഎസ്ഇബിയിലെ അസി.എൻജിനിയർ തസ്തികയിൽ കുറയാത്തയാളകണം ഡയറക്ടർ എന്നു മാനദണ്ഡമുണ്ട്. എന്നാൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രത്യേക താൽപ്പര്യപ്രകാരം കെഎസ്ഇബി ജീവനക്കാരനല്ലാത്ത ഐഎഫ്എസുകാരാനായ അനർട്ട് സിഇഒയെയാണ് ഡയറക്ടറാക്കിയിരിക്കുന്നത്.
ഊർജ വകുപ്പ് മന്ത്രി ചെയർമാനായ സമിതിയ്ക്കാണ് ഹൈഡൽ ടൂറിസത്തിൻ്റെ ചുമതയെന്നതിനാൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയാതെ ഒരു ടെൻഡറും നടക്കില്ല. ബെന്നി മൂഞ്ഞേലി, സാബു ജോർജ്, സി.എച്ച്.അഷ്റഫ് എന്നിവർക്കു പുറമെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ വി.മുരുകദാസ് എന്നീ ജനതാദൾ നേതാക്കൾ ചേർന്ന് ഉണ്ടാക്കിയ കറക്കു കമ്പനിയ്ക്കാണ് ടെൻഡർ നൽകിയത്. വി.മുരുകദാസിന് കൂടുതൽ ഷെയർ ഉള്ള ഈ കറക്കു കമ്പനിയുടെ ധാർമ്മിക ഉടമ മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ്. അതുകൊണ്ടാണ് കെഎസ്ഇബിയിലെ സ്ഥിരം ജീവനക്കാരെ മാറ്റി നിർത്തി അനെർട്ടിലേതുപോലെ താൽക്കാലിക ജീവനക്കാരെ കൊണ്ടു മാത്രം ഹൈഡൽ ടൂറിസത്തിലെ ജോലികൾ ചെയ്യിപ്പിക്കുന്നത്. താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരെ ഭരിക്കാനുള്ള സൂപ്പർ പവർ മന്ത്രി നൽകിയാണ് അഴിമതി സ്ഥാപനവൽക്കരിച്ചത്.
ഊർജ വകുപ്പിലെ അഴിമതി മുൻപ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഉന്നതതല ഇടപെടലിൽ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. സി.എച്ച്.അഷ്റഫിൻ്റ മകൻ അൽത്താഫ് അഷ്റഫ് ഡയറക്ടറായ കമ്പനിയിലെ ലെറ്റർപാഡ് നൽകിയാണ് സി.എച്ച്.അഷ്റഫ് മുൻ പരിചയ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. ഇതിനും അനെർട്ട് സിഇഒ കൂടിയായ നരേന്ദ്രനാഥ വേലൂരി സർട്ടിഫിക്കറ്റ് അനുവദിച്ചു. നരേന്ദ്ര നാഥ വേലൂരിയുടെ അഴിമതികളും വഴിവിട്ട പ്രവർത്തനങ്ങളും സർവകലാശാലകളിൽ ഗവേഷണ വിഷയമാക്കാനുള്ള അത്രയും ഉണ്ടെന്നും
സുമേഷ് അച്യുതൻ പറഞ്ഞു.
