വഴിത്തർക്കത്തെത്തുടർന്ന് ഇടുക്കിയിൽ കൂട്ടത്തല്ല്; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കി: വഴിത്തർക്കത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഇടുക്കി രാജാക്കാട് കുംഭപ്പാറയിലാണ് സംഭവം. സംഘർഷത്തിൽ Indian National Congress നേതാവ് ഷാജി കൊച്ചുകാരോട്ട് ഉൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

തങ്ങളെ ചവിട്ടുകയും കല്ലുകൊണ്ട് അടിക്കുകയും ചെയ്തതായി മർദ്ദനത്തിനിരയായ സ്ത്രീകൾ പറഞ്ഞു. ശരീരത്തിൽ മോശമായി സ്പർശിച്ചതായും അവർ ആരോപിച്ചു. ടിന്റു മടത്തിശേരി, രാജു മടത്തിശേരി, ടിനോയി മടത്തിശേരി, ഷാജി തുടങ്ങിയവരാണ് ഉപദ്രവിച്ചതെന്നും ഇവർ വ്യക്തമാക്കി. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചതെന്നും ആരോപണമുണ്ട്.

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സുധി, പൊന്നമ്മ, ബിന്ദു, കൃഷ്ണപ്രിയ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. കുറച്ചുനാളുകൾക്ക് മുൻപുതന്നെ ഷാജിയും ബിന്ദുവും സുധിയും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വഴിയിൽ ഷാജി ഗേറ്റ് സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാരോപണം ഉണ്ട്.

മർദ്ദനത്തിനുപിന്നാലെ സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, സംഘർഷത്തിൽ തങ്ങൾക്കും പരിക്കേറ്റതായി ആരോപിച്ച് ഷാജിയും മറ്റു ചിലരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

malayalampulse

malayalampulse