തിരുവനന്തപുരം:
ഇന്ത്യ–ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്കുള്ള അവസാന മത്സരമായതിനാല്‍ ഇന്നത്തെ പോരാട്ടം ഏറെ നിര്‍ണായകമാണ്.
ലോകകപ്പിലെ അവസാന ഇലവനെ കണ്ടെത്താനുള്ള അവസാന അവസരമെന്ന നിലയില്‍ മത്സരത്തിലേക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീമായിരുന്നാലും ചില ആശങ്കകള്‍ ഇപ്പോഴും ബാക്കിയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓപ്പണര്‍ സഞ്ജു സാംസന്റെ ഫോമാണ്.
ഓപ്പണിങ്ങില്‍ സഞ്ജു കത്തിക്കയറിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് അധിക സമ്മര്‍ദമുണ്ടാകില്ല. കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തില്‍ സ്പിന്നര്‍മാരെ നേരിടുന്നതിലാണ് സഞ്ജു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൂക്ഷ്മതയോടെയുള്ള ബാറ്റിംഗിനൊപ്പം ഇടയ്ക്ക് കൂറ്റന്‍ ഷോട്ടുകളും സഞ്ജു പുറത്തെടുത്തു.
സഞ്ജുവിന്റെ ഫോമിനെക്കുറിച്ച് ആശങ്കയില്ലെന്ന് ബാറ്റിംഗ് കോച്ച് സീതാംശു കോട്ടക് വ്യക്തമാക്കി. പരിക്ക് മൂലം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട ഇഷാന്‍ കിഷന്‍ ഇന്നലെ പരിശീലനത്തിന് തിരിച്ചെത്തി. പരിക്ക് ഭേദമായ കിഷന്‍ ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത ശക്തമാണ്. കാര്യവട്ടത്തെ നെറ്റ്‌സില്‍ ഇഷാന്‍ കിഷന്‍ തകര്‍ത്തടിക്കുന്നതും ശ്രദ്ധേയമായി.
ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായതിനാല്‍ ഇന്ത്യ വലിയ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ശ്രേയസ് അയ്യര്‍ ഇന്നും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരിക്കേണ്ടി വരും.
പരമ്പര നഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. കാര്യവട്ടത്ത് ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. മത്സരം ആരംഭിക്കുന്നതിന് 24 മണിക്കൂറിന് മുമ്പ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞത് മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
