ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി യോഗത്തിലാണ് നടപടിയിലേക്ക് പോകുന്നതിനെക്കുറിച്ച് പ്രാരംഭചർച്ച നടന്നത്. തുടര്‍നടപടി തേടി പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ഇംപീച്ച് നടപടിയ്ക്ക് ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ്. രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കാനുള്ള അധികാരം ഇല്ല. സഭകളുടെ തീരുമാനമാണ് അന്തിമമാകുക.
ബിഹാറിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളും മറ്റു ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നടപടി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ആവശ്യമായ ഭൂരിപക്ഷം ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രധാന തടസമായേക്കുമെന്ന് രാഷ്ട്രീയ വിശകലനം.
രാഹുലിന്റെ ആരോപണങ്ങൾ
ഓഗസ്റ്റ് 7-ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കടുത്ത വിമർശനവിധേയരാക്കിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര–ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വൻ കൃത്രിമം നടന്നു. വ്യാജ വിലാസങ്ങളിലും ഒരേ വിലാസത്തില്‍ നിരവധി വോട്ടര്‍മാരും. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട്. ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുരയിൽ മാത്രം 1.14 ലക്ഷം വ്യാജവോട്ട്. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ. തെളിവുകൾ മറയ്ക്കാൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരോപണം.
വോട്ടര്‍ അധികാര്‍ യാത്ര
ഇതോടൊപ്പം, ‘വോട്ടുകവര്‍ച്ച’ക്കെതിരെ 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഞായറാഴ്ച ബിഹാറിലെ സസാറാമില്‍ തുടക്കം കുറിച്ചു. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
