ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 118 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. മൂന്നോവറിൽ തന്നെ ടീം 42 റൺസിലെത്തി. അഞ്ചോവറിൽ 60 റൺസ് കടന്നപ്പോൾ 18 പന്തിൽ 35 റൺസെടുത്ത അഭിഷേക് പുറത്തായി. ഗില്ലും തിലക് വർമ്മയും ചേർന്ന് രണ്ടാം വിക്കറ്റിൽ സ്കോർ മുന്നോട്ട് കൊണ്ടുപോയി. 28 റൺസെടുത്ത ഗിൽ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് 12 റൺസിൽ മടങ്ങി. പിന്നീട് തിലക് വർമ്മ (25)യും ശിവം ദുബെയും (10) ചേർന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി. ഏഴ് റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട പ്രോട്ടീസിന് മോശം തുടക്കമായിരുന്നു. റീസ ഹെൻഡ്രിക്‌സ്, ക്വിന്റൺ ഡി കോക്ക്, ഡെവാൾഡ് ബ്രവിസ് എന്നിവർ പരാജയപ്പെട്ടു. നായകൻ എയ്ഡൻ മാർക്രം മാത്രമാണ് പ്രതിരോധം കാഴ്ചവെച്ചത്. 61 റൺസെടുത്ത മാർക്രം അർധസെഞ്ചുറിയോടെ ടീമിനെ നൂറ് കടത്തിയെങ്കിലും മറ്റ് താരങ്ങൾക്ക് പിന്തുണ നൽകാനായില്ല.
ഇന്ത്യക്കായി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
