ദുബായ്: ഏഷ്യാ കപ്പ് 2025-ൽ ഇന്ത്യ കിരീടം നേടിയെങ്കിലും, ട്രോഫി ഏറ്റുവാങ്ങുന്നതിൽ അസാധാരണമായൊരു തീരുമാനമാണ് ഇന്ത്യൻ ടീം എടുത്തത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) പ്രസിഡന്റും പാക് ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) പ്രസിഡന്റുമായ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യ വിസമ്മതിച്ചു.
ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ അവതാരകനായിരുന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗൾ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ഇതിനുമുമ്പ് തന്നെ ഇന്ത്യയുടെ തീരുമാനം മാധ്യമങ്ങളിൽ വന്നിരുന്നു. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനുശേഷം പാക് താരങ്ങളുമായി കൈകുലുക്കാൻ പോലും ഇന്ത്യ വിസമ്മതിച്ചിരുന്നുവെന്നതും വിവാദമായിരുന്നു.
ഈ നിലപാട് തുടർന്നാണ് ഇന്നത്തെ ട്രോഫി ചടങ്ങിലും ഇന്ത്യ പ്രതീക്ഷിച്ച പോലെ തന്നെ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങൾ ട്രോഫി ഏറ്റുവാങ്ങാതെ ആഘോഷം നടത്തി.
ഇതിനിടെ, ഏഷ്യാ കപ്പ് വിജയം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു:
“മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ. ഫലം ഒന്നുതന്നെ – ഇന്ത്യ വിജയിച്ചു! നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനങ്ങൾ.”
ഓവറിന്റെ അവസാന പന്തുവരെ പിടിച്ചുനിന്ന പോരാട്ടത്തിലാണ് ഇന്ത്യ 2025-ലെ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
