മോസ്കോ: ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് നാല് ഡോളർ വരെ കുറവ് പ്രഖ്യാപിച്ചു.
റഷ്യൻ ഇളവിന്റെ പശ്ചാത്തലത്തിൽ ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
റഷ്യയിൽ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു.
ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം, തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് റഷ്യയേക്കാളും ചൈനയേക്കാളും യുഎസിനോടാണ് കൂടുതൽ അടുപ്പമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്സ് ന്യൂസിനോട് സംസാരിച്ച ബെസന്റ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോക രാഷ്ട്രീയത്തിൽ നിർണായകമാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വിമർശിച്ച ബെസന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര് പുടിന്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ കൂടിക്കാഴ്ചയെ പ്രകടനാത്മകമായി വിശേഷിപ്പിച്ചു.
