ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് മോദി; താരിഫ് 25ൽ നിന്ന് 18 ശതമാനമാക്കി

ന്യൂഡൽ‍ഹി:

ഇന്ത്യ–യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം.

വ്യാപാര കരാറിന്റെ ഭാഗമായി താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചതായി ട്രംപ് അറിയിച്ചു. നികുതി ഇളവ് നൽകിയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. മോദിയും ട്രംപും തമ്മിൽ ഫോണിൽ നടന്ന സംഭാഷണം ഇന്ത്യയിലെ യുഎസ് അംബാസിഡർ സർജിയോ ഗോർ സ്ഥിരീകരിച്ചിരുന്നു.

പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി എക്‌സിലൂടെ അറിയിച്ചു. രാജ്യത്തെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് ഇന്ത്യ–യുഎസ് വ്യാപാര കരാറിന് അമേരിക്ക സമ്മതിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താരിഫ് കുറയ്ക്കുന്ന തീരുമാനം ഇതിന്റെ ഭാഗമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താമെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. യുഎസിൽ നിന്ന് വെനസ്വേലയുടെ എണ്ണ വാങ്ങുമെന്ന് മോദി അറിയിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ നിർത്തുന്നതോടെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.

malayalampulse

malayalampulse