രാജ്യത്തെയും ലോകത്തെയും ശ്രദ്ധേയമായ സംഭവവികാസങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
നേപ്പാളിലെ ഭരണ പ്രതിസന്ധി
ജെൻസി പ്രക്ഷോഭത്തിന് ശേഷമുള്ള കലാപാവസ്ഥയിൽ നിന്ന് നേപ്പാൾ സാധാരണ നിലയിലേക്ക്. കാത്മണ്ഡു വിമാനത്താവളം തുറന്നു. തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രക്ഷോഭ സംഘടനകളുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ചുമതലപ്പെടുത്തി. ഇടക്കാല സർക്കാരിനായി നീക്കവും പുരോഗമിക്കുന്നു.
പ്രളയബാധിത പ്രദേശങ്ങളിലേക്ക് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. സംസ്ഥാനത്തിന് കൂടുതൽ ധനസഹായങ്ങൾ പ്രഖ്യാപിക്കാനും സാധ്യത.
പേരൂർക്കട വ്യാജ മോഷണക്കേസ്
ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കിയതിൽ നടപടിയെന്തെന്നത് ഇന്ന് വ്യക്തമാകും. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. പേരൂർക്കട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെയുംതിരെ നടപടിയുണ്ടാകാൻ സാധ്യത.
രാഷ്ട്രപതിയുടെ റഫറൻസ് – സുപ്രീംകോടതിയിൽ അന്തിമവാദം
രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം നടക്കും. ബില്ലുകൾ ഗവർണർ അനാവശ്യമായി കെട്ടിക്കിടത്തുന്നത് തെറ്റായ സന്ദേശമാണെന്ന് കോടതി ഇന്നലെ തന്നെ നിരീക്ഷിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കകം വാദം പൂർത്തിയാക്കി വിധിപ്രഖ്യാപനത്തിനായി മാറ്റും.
ഏഷ്യാകപ്പ് ക്രിക്കറ്റ്
ഏഷ്യാകപ്പിൽ ഇന്ന് ബംഗ്ലാദേശും ഹോങ്കോംഗും ഏറ്റുമുട്ടും. അബുദാബിയിൽ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. കഴിഞ്ഞ പരമ്പരകളിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഏഷ്യാകപ്പിൽ എത്തുന്നത്. ഹോങ്കോംഗ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു.
