കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴിലില്‍ നിന്ന് വിലക്കിയെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത്. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി.ആര്‍. വിഷ്ണുവിന്റെ പിതാവാണ് ഈ വിവാദത്തിന്റെ കേന്ദ്രത്തില്‍.
ഐഎന്‍ടിയുസി യൂണിയന്‍ അംഗവും 22 വര്‍ഷമായി കോണ്‍ഗ്രസുമായി ബന്ധമുള്ള ലോഡിങ് തൊഴിലാളിയുമായ രാജനെയാണ് യൂണിയന്‍ നേതൃത്വം ജോലിയില്‍നിന്ന് വിലക്കിയത്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് രാജനെ തടഞ്ഞത്.
“ഞാന്‍ കോണ്‍ഗ്രസിനെയോ ഐഎന്‍ടിയുസിയെയോ എതിര്‍ക്കുന്ന പ്രവര്‍ത്തനം നടത്തിയിട്ടില്ല. മകന്റെ രാഷ്ട്രീയ നിലപാട് മകന്റെ സ്വാതന്ത്ര്യമാണ്,” എന്ന് രാജന്‍ പ്രതികരിച്ചു.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായ വിഷ്ണു, താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ഛനെ ജോലിയില്‍നിന്ന് മാറ്റുമെന്ന് യൂണിയന്‍ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. “ഞാന്‍ കാണുന്നതുമുതല്‍ അച്ഛന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ്. എല്‍ഡിഎഫില്‍ മത്സരിക്കുന്നതിനെ അച്ഛന്‍റെ തൊഴില്‍ തടയാനുള്ള കാരണമാക്കുന്നത് അനീതിയാണ്,” വിഷ്ണു പറഞ്ഞു.
