ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം: 10 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരിക്ക്

ടെൽ അവീവ്: ഇറാൻഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മരണത്തിനു പിന്നാലെ ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിച്ച് ഇറാൻ രംഗത്തെത്തി. ഇസ്രയേലിലെ ബെയ്ത്ത് ഷെമെഷ് നഗരത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജറുസലേമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബെയ്ത്ത് ഷെമെഷിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് The Times of Israel റിപ്പോർട്ട് ചെയ്തു. മെഡിക്കൽ സംഘങ്ങളും ഹെലികോപ്റ്റർ സേവനങ്ങളും സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. “പരമോന്നത നേതാവിന്റെ പാത പിന്തുടർന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന ശക്തമായി ആക്രമണം തുടരും. ശത്രുക്കളുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കും,” എന്ന് അദ്ദേഹം പ്രസ്താവിച്ചു.

മദ്ധ്യേഷ്യയിലെ യു.എസ്. സൈനിക താവളങ്ങൾ ഉൾപ്പെടെ ടെൽ അവീവിലെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ ഇസ്രയേൽ-യു.എസ്. കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും വിവരം.

കുവൈത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും 32 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ അൽഅദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.

malayalampulse

malayalampulse