ശ്രീലങ്ക തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയ സംഭവം; തിരിച്ചടി നൽകുമെന്ന് ഇറാൻ

ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് തെക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് യുഎസ് മുങ്ങിക്കപ്പല്‍ ഐആര്‍ഐഎസ് ദേനയെ മുക്കിയത്.

തെഹ്‌റാന്‍: ശ്രീലങ്കന്‍ തീരത്തുവെച്ച് ഇറാനിയന്‍ കപ്പല്‍ മുക്കിയ യുഎസ് നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ഇറാന്‍. വിശാഖപട്ടണത്ത് നടന്ന 2026-ലെ മിലാന്‍ ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം സമാധാനപരമായി മടങ്ങുകയായിരുന്ന ഐആര്‍ഐഎസ് ദേന മുക്കിയ സംഭവത്തില്‍ യുഎസിന് തിരിച്ചടി നൽകാതെ വിടില്ലെന്ന് ഇറാന്‍ സൈനികമേധാവി ആമിര്‍ ഹാത്ത്മി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 104 നാവികര്‍ കൊല്ലപ്പെട്ടെന്നും രാഷ്ട്രത്തിന്റെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകള്‍ മുക്കിയതില്‍ മറുപടിയില്ലാതെ പോകില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 

‘തങ്ങളെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം സമാധാനപരമായി തിരിച്ചുവരുന്ന കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. കപ്പിലുണ്ടായിരുന്ന 104 നാവികരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരാരും തന്നെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ പ്രത്യക്ഷത്തില്‍ പങ്കുചേര്‍ന്നവരായിരുന്നില്ല. ഈ കൊലപാതകങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി നല്‍കാതിരിക്കില്ല’. ആമിര്‍ ഹാത്ത്മി വ്യക്തമാക്കി. 

‘ദേന കപ്പലിലുള്ളവരുടെയും അവരുടെ ത്യാഗവും ധൈര്യത്തിന്റെയും സന്നദ്ധതയുടേയും പ്രതീകമായി ഇറാന്റെ നാവിക ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെടും. ഇറാന്റെ അതിര്‍ത്തികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടുതല്‍ ശക്തിയോടെ സൈന്യം പ്രതിരോധിക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 19മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ അമേരിക്കയും ഇറാനും ഉള്‍പ്പെടെ 18 രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത് മടക്കയാത്രയ്ക്കിടെയാണ് ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് തെക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് യുഎസ് മുങ്ങിക്കപ്പല്‍ ഐആര്‍ഐഎസ് ദേനയെ ആക്രമിച്ച് തകര്‍ത്തത്. നാവികരും ജീവനക്കാരുമുള്‍പ്പെടെ 180 പേര്‍ കപ്പലിലുണ്ടായിരുന്നു. 104 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ നേരത്തെയും മുന്നറിയിപ്പ് നല്‍കിയിയിരുന്നു. കടുത്ത ക്രൂരതയാണ് അമേരിക്ക കാണിച്ചതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്‌സില്‍ കുറിച്ചിരുന്നു.

malayalampulse

malayalampulse