പെരുമ്പാവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരിങ്ങോൾകാവ് ഭഗവതി ക്ഷേത്രത്തിലെ 200 കിലോയിൽ കൂടുതൽ സ്വർണവും അപൂർവ രത്നങ്ങളും കാണാതായതായി ഗുരുതര ആരോപണം. ശബരിമല സ്വർണക്കൊള്ള കേസ് പുറത്തുവന്നതോടെ മറ്റ് ക്ഷേത്രങ്ങളിലെ സമ്പത്ത് സംബന്ധിച്ചും ആശങ്ക ഉയർന്നിരിക്കുകയാണ്.
ദേവസ്വം ബോർഡിനോട് ക്ഷേത്രത്തിലെ സ്വർണ കണക്കുകൾ ചോദിച്ചപ്പോൾ രേഖകൾ ലഭ്യമല്ലെന്ന് ബോർഡ് മറുപടി നൽകിയതോടെ വിഷയം കൂടുതൽ വിവാദമായി. ഇതോടെ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തൃക്കാരിയൂർ ഗ്രൂപ്പിന് കീഴിലാണ് ഇരിങ്ങോൾകാവ് സ്ഥിതിചെയ്യുന്നത്. നാഗഞ്ചേരി മനയുടെ കാവ് 1944-ൽ നീലകണ്ഠൻ നമ്പൂതിരി ദേവസ്വം ബോർഡിന് കൈമാറിയതാണ്. ക്ഷേത്രം ഉൾപ്പെടെ 60 ഏക്കർ വനഭൂമിയും, 400 ഏക്കർ നെൽപ്പാടവും, വിലമതിക്കാനാവാത്ത സ്വർണവും രത്നങ്ങളും ഉൾപ്പെട്ട സമ്പത്തും ബോർഡിന് കൈമാറിയതായി രേഖകളുണ്ട്.
എന്നാൽ ആ സ്വത്തുകളും സ്വർണവും പിന്നീട് ബോർഡ് നഷ്ടപ്പെടുത്തിയതായാണ് ആരോപണം. കോടികൾ വിലവരുന്ന രത്നങ്ങൾ ഉൾപ്പെട്ട സ്വർണ സമ്പത്ത് എവിടെ പോയെന്നതിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടി നൽകാനായിട്ടില്ല.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട 20 വർഷം പഴക്കമുള്ള രേഖകളും ലഭ്യമല്ലെന്നത് ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകി. ഇതോടെ നാഗഞ്ചേരി മന കുടുംബം നഷ്ടപ്പെട്ട സമ്പത്ത് വീണ്ടെടുക്കാനും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് മുന്നോട്ട്ടു വന്നിരിക്കുന്നത്.
📍#IringolkavuTemple #GoldMissingCase #TravancoreDewaswomBoard #CBIInvestigation #TempleGold #KeralaNews #Perumbavoor #SabarimalaGoldCase #TempleAssets
