ഗാസയില്‍ ശക്തമായ തിരിച്ചടി; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ ആരോപണം

ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് വ്യാപകമായ ആക്രമണത്തിനായി തയ്യാറാകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

തെക്കന്‍ ഗാസയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തതായും, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷം മുന്‍പ് മരിച്ച ഇസ്രയേല്‍ ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടി എങ്ങനെയെന്നത് നിശ്ചയിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ക്കുമെന്നും നെതന്യാഹു അറിയിച്ചു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിര്‍ത്തലാക്കല്‍, ഗാസയിലെ സൈനിക നിയന്ത്രണം ശക്തിപ്പെടുത്തല്‍, ഹമാസ് നേതാക്കള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ പരിഗണനയിലുണ്ടെന്നാണ് ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

malayalampulse

malayalampulse