വാഷിംഗ്‌ടൺ: ഖത്തറിനെതിരെ നടന്ന ആക്രമണത്തിനും ഒരു സൈനികൻ കൊല്ലപ്പെട്ടതിനും ഖേദം രേഖപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ക്ഷമാപണം നടത്തിയത്.
ഖത്തറിന്റെ മദ്ധ്യസ്ഥതയിലൂടെ ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹമാസ് പിടിച്ചിട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ ഇസ്രായേൽ മാപ്പ് പറയണമെന്ന നിലപാട് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ മാസം ആദ്യം ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഖലീൽ അൽ-ഹയ്യയുടെ മകനും ജിഹാദ് ലബാദും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം ഖത്തർ ശക്തമായി പ്രതിഷേധിക്കുകയും, ക്ഷമാപണം ആവശ്യപ്പെടുകയും ചെയ്തു.
നെതന്യാഹുവിന്റെ ക്ഷമാപണം, അമേരിക്കയുടെ പിന്തുണയോടെ മദ്ധ്യസ്ഥ കരാറിനുള്ള വഴിയൊരുക്കുമെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
