അമിതവേഗതയിലെത്തിയ ഓഡി കാർ 16 പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിൽ എത്തിയ ഓഡി കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

മദ്യലഹരിയിലായിരുന്നാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ചു. തുടർന്ന് ഏകദേശം 30 മീറ്ററോളം റോഡരികിലെ കടകളിലും ഭക്ഷണ സ്റ്റാളുകളിലും ഇടിച്ചുകയറി ഒടുവിൽ ഒരു മരത്തിലിടിച്ചാണ് കാർ നിർത്തിയത്. അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ശക്തമായ ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

പരിക്കേറ്റവരെ സവായ് മാൻ സിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭിൽവാര സ്വദേശിയായ രമേശ് ബൈർവയാണ് ചികിത്സയ്ക്കിടെ മരിച്ചത്.

കാറിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും, ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി മുഖ്യമന്ത്രി പ്രേംചന്ദ് ബൈർവയും ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസറും ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ആരോഗ്യനില അന്വേഷിച്ചു.

malayalampulse

malayalampulse