ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ചു, സെൽഫിയും എടുത്തു; മലയാളി ഫുട്ബോൾ ആരാധകനെ പിടിച്ച് ജയിലിലിട്ടു

പനാജി: പോർച്ചുഗീസ് ഫുട്ബോൾ താരം ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ച് സെൽഫി എടുക്കാനെത്തിയ മലയാളി ആരാധകനു ജയിൽ ശിക്ഷ. നിരോധിത മേഖലയിലേക്ക് അതിക്രമിച്ചു കയറിയതും രണ്ട് അന്താരാഷ്ട്ര താരങ്ങളെ അപകടത്തിലാക്കിയതുമാണ് കേസിനും ശിക്ഷയ്ക്കും കാരണം.

ഫട്ടോർദ സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരം — എഫ്‌സി ഗോവയും അൽ നസറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം നടന്നത്.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ച ഇടവേളയിൽ, പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് വാം-അപ് നടത്തുമ്പോൾ, മലയാളി ആരാധകൻ പെട്ടെന്ന് ഗ്രൗണ്ടിലേക്ക് ചാടി താരത്തിൻ്റെ അടുത്തെത്തി. പോർച്ചുഗൽ ടീമിൻ്റെ ആരാധകനാണെന്ന് പറഞ്ഞ ഇയാൾ ആവേശത്തിൽ ഫെലിക്സിനെ കെട്ടിപ്പിടിക്കുകയും പിന്നാലെ സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

അധികൃതർ ഉടൻ ഇടപെട്ട് ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു, സെൽഫി ഡിലീറ്റ് ചെയ്തു. പിന്നാലെ ഇയാളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു രാത്രി മുഴുവൻ ജയിലിൽ തടഞ്ഞുവെച്ചു. അന്വേഷണ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ വിട്ടയച്ചത്.

അതേസമയം, സുരക്ഷാ വീഴ്ച കാരണം എഫ്‌സി ഗോവയ്ക്കും പിഴ ചുമത്തിയിട്ടുണ്ട്. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (AFC) ടീമിന് ഏകദേശം ₹8.8 ലക്ഷം രൂപ പിഴയായി വിധിച്ചിട്ടുണ്ട്.

malayalampulse

malayalampulse