ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ജയസൂര്യയെ ഇഡി ഇതിനുമുമ്പ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ‘സേവ് ബോക്സ്’ ആപ്പിനെ പൊതുജനങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങളിൽ അഭിനയിച്ചതിനെ തുടർന്നാണ് അന്വേഷണം അദ്ദേഹത്തിലേക്ക് വ്യാപിച്ചത്. തട്ടിപ്പിലൂടെ സമാഹരിച്ച കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയുടെ പേരും ഉൾപ്പെട്ടതായാണ് അന്വേഷണ ഏജൻസിയുടെ സംശയം.
നിക്ഷേപ പദ്ധതിയെന്ന പേരിൽ നിരവധി ആളുകളിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിൽ ആപ്പ് ഉടമയായ തൃശൂർ സ്വദേശിയെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം തുടരുന്നത്.
അതേസമയം, പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ പിന്നിൽ എന്തെല്ലാം തട്ടിപ്പുകൾ നടത്തുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള ജയസൂര്യയുടെ പ്രതികരണം. നിയമാനുസൃതമായ സാമ്പത്തിക ഇടപാടുകൾ മാത്രമാണ് താൻ നടത്തിയതെന്നും, നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
