കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യു.ഡി.എഫ് തങ്ങളെ ചവിട്ടിപ്പുറത്താക്കിയ സാഹചര്യത്തിൽ അവിടേക്ക് തിരിച്ചുപോകാനുള്ള ചോദ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 12 സീറ്റുകളാണ് ലഭിച്ചതെന്ന് ഓർമ്മിപ്പിച്ച ജോസ് കെ. മാണി, ഇത്തവണ ഒരു സീറ്റ് കൂടി ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് കേരള കോൺഗ്രസ് ഇടതുപക്ഷത്തിന്റെ ഭാഗമായത്. കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
എന്നാൽ പ്രതിപക്ഷത്തേക്കാൾ ശക്തമായി ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പരിഹാരങ്ങൾ കണ്ടെത്താൻ കേരള കോൺഗ്രസിന് കഴിഞ്ഞുവെന്ന് ജോസ് കെ. മാണി പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ മൃഗങ്ങളെ വെടിവെച്ചുകൊല്ലണമെന്ന ആവശ്യം ആദ്യം ഉയർത്തിയത് കേരള കോൺഗ്രസാണെന്നും, മുനമ്പം വിഷയം ആദ്യമായി ഉന്നയിച്ചതും പാർട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്” എന്ന പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, അതിലൂടെ ഉദ്ദേശിച്ചത് എൽ.ഡി.എഫിനൊപ്പമാണെന്നതാണെന്നും ജോസ് കെ. മാണി വിശദീകരിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
