ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന് പാസ്റ്റർ കെ. എ. പോൾ അവകാശപ്പെട്ടു. നൊബേൽ കമ്മിറ്റിക്ക് താൻ കത്തെഴുതിയതിനെ തുടർന്ന് ട്രംപിനെ അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ട്രംപ് അനുകൂലികൾ പ്രാർത്ഥിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്നത് തൻറെ പ്രാർത്ഥനയുടെ ശക്തിയാൽ ആയിരുന്നുവെന്നും പോൾ വ്യക്തമാക്കി. “ഡോണൾഡ് ട്രംപ് സ്വയംപൊങ്ങിയാണെന്നും, നോമിനേഷനായി ലോക നേതാക്കളെ സമ്മർദത്തിലാക്കിയെന്നും” പോൾ ആരോപിച്ചു.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി, ഇറാനിലെ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കിയെന്നുൾപ്പെടെ ഏഴ് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രംപിന് നൊബേൽ കൊടുക്കരുതെന്ന് താൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതെന്ന് പോൾ വ്യക്തമാക്കി.
2000-ൽ തന്നെ നൊബേൽ സമാധാന പുരസ്കാരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് താൻ സന്തോഷപൂർവ്വം നിരസിച്ചതായും, ഭാരത രത്നയ്ക്കായുള്ള ശുപാർശയും താൻ വേണ്ടെന്ന് പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കുറിച്ചുള്ള ‘പ്രവചനം’ നടത്തി നേരത്തെ കെ.എ. പോൾ വിവാദത്തിലായിരുന്നു.
