കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കല രാജു 13 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വിജയ ശിവന് ലഭിച്ചത് 12 വോട്ടുകളായിരുന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ച കല രാജു, മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമെന്നും ജനങ്ങൾക്കു വേണ്ടിയാണ് താൻ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് സിപിഎം പാർട്ടി ആഭ്യന്തര പ്രശ്നത്തെ തുടർന്ന് കല രാജു പാർട്ടിയുമായി തെറ്റുകയും പിന്നീട് യുഡിഎഫിന് അനുകൂലമായി നിലകൊള്ളുകയും ചെയ്തിരുന്നു. കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിവാദത്തിന് പിന്നാലെ വലിയ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നു.
ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തിൽ കല രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ എൽഡിഎഫിന് ഭരണ നഷ്ടം സംഭവിച്ചു. ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് കല രാജു വിജയിച്ചതോടെ നഗരസഭാ ഭരണത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
