തൃശൂർ: കാസർകോട് പടന്നയിൽ നിന്ന് തൃശൂരിലേക്കുള്ള ദൂരം 259 കിലോമീറ്റർ. ഈ ദൂരം സിയ ഫാത്തിമയുടെ ജീവിതത്തിനും മത്സരത്തിനും ഇടയിലെ അകലമായിരുന്നു. തന്റെ ആരോഗ്യാവസ്ഥ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് സിയ ഫാത്തിമ എഴുതിയ കത്തും മന്ത്രി വി. ശിവൻകുട്ടിയുടെ മാനുഷിക ഇടപെടലുമാണ് ആ അകലം ഇല്ലാതാക്കിയത്. ഇതോടെ സംസ്ഥാന സ്കൂൾ കലോത്സവം പടന്നയിലെ സിയ ഫാത്തിമയുടെ വീട്ടുമുറിയിലേക്കും എത്തുകയാണ്.
അറബിക് പോസ്റ്റർ മത്സരത്തിൽ കാസർകോട് ജില്ലയിൽ നിന്ന് യോഗ്യത നേടിയ പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസ്.എസിലെ വിദ്യാർത്ഥിനിയായ സിയ ഫാത്തിമ ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ദീർഘയാത്ര ആരോഗ്യത്തിന് അപകടകരമാകുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മന്ത്രി ശിവൻകുട്ടിക്ക് സിയ കത്തെഴുതിയത്.
ഇതിനെ തുടർന്ന് വീട്ടിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്ന പ്രത്യേക ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും പുറപ്പെടുവിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയ ഈ തീരുമാനം കലോത്സവ ചരിത്രത്തിൽ തന്നെ അപൂർവമാണ്.
കുട്ടിയുടെ വലിയ ആഗ്രഹം കാണാതെ നടിക്കാൻ കഴിയില്ലെന്നും, ആ സ്വപ്നം സാക്ഷാത്കരിക്കാനാണ് പ്രത്യേക ഉത്തരവ് നൽകിയതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശനിയാഴ്ച രാവിലെ 11ന് 17-ാം വേദിയിലാണ് മത്സരം. ഒരേസമയം വേദിയിലും സിയ ഫാത്തിമയുടെ വീട്ടുമുറിയിലും വീഡിയോ കോൺഫറൻസിലൂടെ മത്സരം നടക്കും.
