എറണാകുളം: നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകാതെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു. ബാക്കിയുള്ള നിർമാണപ്രവർത്തനങ്ങൾക്കായി പുതിയ സമയം അനുവദിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥ എഞ്ചിനിയറിംഗ് വിഭാഗം വിലയിരുത്തും.
സെപ്റ്റംബർ 26 മുതൽ നവംബർ 30 വരെ ജിസിഡിഎ–സ്പോർട്സ് കൗൺസിൽ–സ്പോൺസർ എന്നീ ത്രികക്ഷി കരാർ നിലവിലുണ്ടായിരുന്നു. 70 കോടിയുടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്നായിരുന്നു കരാർ നിബന്ധന. നവംബർ 30നകം എല്ലാ ജോലിയും പൂർത്തിയാക്കാമെന്നായിരുന്നു സ്പോൺസറുടെ വാദം.
എന്നാൽ പ്രവേശന കവാടം, പാർക്കിങ്, ചുറ്റുമതിൽ, സീറ്റിങ് എന്നിവ വലിയൊരു ഭാഗവും പൂർത്തിയാകാതെ തുടരുന്നു. സീറ്റിങ് ജോലികൾ 70 ശതമാനം മാത്രമാണ് പൂർത്തിയായത്. മേൽക്കൂര നവീകരണവും പാതിവഴിയിലാണ്.
കരാർ അവസാനിക്കുന്നതിന് മുൻദിവസം സ്റ്റേഡിയം തിരിച്ചേൽപ്പിച്ചതോടെ, നിയമപ്രാബല്യമുള്ള കരാർ ഇല്ലാത്തതിന്റെ പ്രയോജനം സ്പോൺസർക്ക് ലഭിക്കാമെന്നാണ് വിലയിരുത്തൽ. നിലവിലെ അവസ്ഥയിൽ കലൂർ സ്റ്റേഡിയത്തിൽ വലിയ മത്സരങ്ങൾ സംഘടിപ്പിക്കുക ദൂരവസ്ഥമാണെന്ന് വിലയിരുത്തപ്പെടുന്നു.
