കലബുറഗി: കര്‍ണാടക–മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവം രാഷ്ട്രീയ വിവാദമായി. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. 2025 ഒക്ടോബര്‍ 22-ന് ചോര്‍ല ഘട്ടില്‍ നടന്നതായി പറയപ്പെടുന്ന കവര്‍ച്ചയാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്നത്.
സന്ദീപ് ദത്ത പാട്ടീല്‍ നല്കിയ പരാതിയെ തുടര്‍ന്ന് നാസിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ട്രക്കുകളിലായി കൊണ്ടുപോകുകയായിരുന്ന പണം ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതിയില്‍ പറയുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട തുക പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകളായിരുന്നുവെന്നതാണ് കേസിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. അസാധുവാക്കിയ നോട്ടുകള്‍ എന്തിനാണ് ഇത്രയധികം അളവില്‍ കടത്തിക്കൊണ്ടുപോയത് എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
വിഷയത്തില്‍ കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുകുകയാണെന്നും, അത് ആരുടെ പണമാണെന്നത് അന്വേഷിക്കട്ടെയെന്നും ഖര്‍ഗെ പറഞ്ഞു. ബിജെപിയുടേതാണോ, കോണ്‍ഗ്രസിന്റേതാണോ, എന്‍സിപിയുടെയോ ശിവസേനയുടെയോ പണമാണോ എന്നതെല്ലാം അന്വേഷണത്തിലൂടെ വ്യക്തമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ മൂക്കിന് താഴെയാണ് ഇത്ര വലിയ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നതെന്നും, ചില ബിജെപി എംഎല്‍എമാര്‍ അസാധുവായ രണ്ടായിരം രൂപ നോട്ടുകള്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പറയുന്നതെന്നും ഖര്‍ഗെ ആരോപിച്ചു. തിരുപ്പതി സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ് ആരാണ് ഭരിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കര്‍ണാടകയെ കോണ്‍ഗ്രസ് ഫണ്ടിംഗ് സോഴ്സായി ഉപയോഗിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി രംഗത്തെത്തി. തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പണമയക്കുന്നത് കര്‍ണാടകയില്‍ നിന്നാണെന്നും, ഗോവയില്‍ നിന്ന് ബെല്‍ഗാം വഴി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയ 400 കോടി രൂപയാണ് തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് നാസിക് പൊലീസ് അന്വേഷണം തുടരുകയാണ്. അസാധുവാക്കിയ 2000 രൂപ നോട്ടുകളുടെ ഉറവിടവും ലക്ഷ്യവും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
