ബെംഗളൂരു: കർണാടകയിൽ അധികാര തർക്കം ശക്തമാകുന്നതിനിടെ ഇന്ന് നിർണായക കൂടിക്കാഴ്ച നടക്കും. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഇന്ന് നേരിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
പ്രഭാതഭക്ഷണത്തിനായി ശിവകുമാറിനെ സിദ്ധരാമയ്യ തന്റെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും.
ഹൈക്കമാൻഡിന്റെ തീരുമാനം അന്തിമമാണെന്നും എന്ത് തീരുമാനമായാലും താൻ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള നിലപാടുകളെ കുറിച്ചുള്ള ഇരുവരുടെയും പരസ്യ പ്രതികരണങ്ങൾ ഹൈക്കമാൻഡിന് കടുത്ത അസന്തോഷത്തിന് വഴിവച്ചിട്ടുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിപദ വാദപ്രതിവാദത്തിനിടയിൽ നേതാക്കളുടെ പരോക്ഷ പ്രതികരണങ്ങളും പരസ്പര വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ വലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോൾ.
2004-ൽ പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി ഉപേക്ഷിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ചെയ്തായിരുന്നു ഡി.കെ ശിവകുമാറിന്റെ അടുത്ത പ്രതികരണം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിനൊപ്പം എപ്പോഴും നിൽക്കുമെന്നുള്ള ഡി.കെയുടെ വാഗ്ദാനവും, “ലോകത്തെ ഏറ്റവും വലിയ ശക്തി വാക്ക് പാലിക്കൽ തന്നെയാണ്” എന്ന പരാമർശവും വലിയ ചർച്ചയായിരുന്നു.
അത് ഏറ്റുപിടിച്ച സിദ്ധരാമയ്യയുടെ മറുപടിയും സാമൂഹ്യ-രാഷ്ട്രീയ വർത്തമാനവേദികളിൽ വലിയ ചര്‍ച്ചയ്‌ക്കു വഴിവെച്ചു.
