കരൂർ ദുരന്തം: ‘നടക്കാൻ പാടില്ലാത്തത്’ — ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ; വിജയ് മടങ്ങിയതിൽ വിവാദം

കരൂർ: “വിവരിക്കാനാകാത്ത ദുരന്തം, രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടക്കാൻ പാടില്ലാത്ത സംഭവം” — ഇങ്ങനെ പ്രതികരിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് മരിച്ചവർക്കും പരിക്കേറ്റവർക്കും ആദരാഞ്ജലി അർപ്പിച്ച അദ്ദേഹം, ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം വ്യക്തമാകുമെന്നും, തുടർന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്നും ഉറപ്പു നൽകി.

തമിഴക വെട്രി കഴകം (TVK) സംഘടിപ്പിച്ച കരൂർ റാലിയിൽ ഉണ്ടായ തിരക്കിൽ 39 പേർ മരിച്ചതോടെ സംസ്ഥാനമെങ്ങും ഞെട്ടലാണ്.

പുലർച്ചെ കരൂരിലെത്തിയ മുഖ്യമന്ത്രി സ്റ്റാലിൻ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയും, മോർച്ചറിയിൽ എത്തി മരണപ്പെട്ടവർക്കു നേരിട്ട് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

“ഇത്തരം ദുരന്തം രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ല. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ സത്യം പുറത്തുവരും. ശേഷം ആവശ്യമായ നടപടി ഉണ്ടാകും,” — സ്റ്റാലിൻ പറഞ്ഞു.

പോലീസ് വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല. “ആരെ അറസ്റ്റ് ചെയ്യണം, ആരെ ചെയ്യാനാകില്ല എന്ന് ഇപ്പോൾ പറയാനാകില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണസംഖ്യയും വിവരങ്ങളും

മരണങ്ങൾ: 39 പേർ

സ്ത്രീകൾ: 17 കുട്ടികൾ: 9 (4 ആൺകുട്ടികൾ, 5 പെൺകുട്ടികൾ) തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ: 35 സ്ഥലവിവരം: കരൂർ (28), ഈറോഡ് (2), തിരുപ്പൂർ (2), ഡிண്ടിഗൽ (6), സേലം (1)

വിവാദത്തിൽ വിജയ്

സംഭവം നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ വിജയ് പ്രസംഗം നിർത്തി കാരവാനിലേക്ക് കയറുകയും, തുടർന്ന് ട്രിച്ചി വഴി ചെന്നൈയിലെ വീട്ടിലെത്തുകയും ചെയ്തതാണ് ഇപ്പോൾ വലിയ വിവാദമാകുന്നത്.

പ്രതികരണം ഒന്നും നടത്താതെയാണ് താരം മടങ്ങിയത്. വിജയ് വീടിന് മുന്നിൽ ഇപ്പോൾ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

malayalampulse

malayalampulse