കാസര്‍കോട്: സ്‌കൂളില്‍ അധ്യാപകന്റെ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയാണ് പരിക്കേറ്റത്.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയതിനെ തുടര്‍ന്നാണ് അശോകന്‍ പ്രകോപിതനായതെന്ന് പറയുന്നു. അസംബ്ലി കഴിഞ്ഞ ഉടന്‍ തന്നെ മര്‍ദനമേറ്റുവെന്നാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, കുട്ടി ഒതുങ്ങിനില്‍ക്കാത്തതിനാലാണ് ശാസനം കടുത്തതായതെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കി. പരിക്കേറ്റ അഭിനവ് ചികിത്സയിലാണ്.
