അടിയന്തിര പ്രമേയം: അമീബിക് മസ്തിഷ്ക ജ്വരം; സർക്കാർ ഇരുട്ടിൽ തപ്പുന്നു; പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചു. മരണസംഖ്യ മറച്ചുവെച്ച് മേനി നടിക്കുകയാണെന്നും, രോഗവ്യാപനത്തെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നും എൻ. ഷംസുദ്ദീൻ എംഎൽഎ ആരോപിച്ചു.

“ഈ കപ്പൽ പൊങ്ങാനാവാത്തവിധം മുങ്ങിയിരിക്കുന്നു. കപ്പിത്താനുണ്ടായിട്ട് കാര്യമില്ല, കപ്പൽ ഇതിനകം മുങ്ങി,” – എന്നും അദ്ദേഹം ആരോഗ്യമന്ത്രിയെ പരഹസിച്ച് പറഞ്ഞു.

സംസ്ഥാനത്ത് ഇതിനകം ഇരുപതോളം പേർ മരിക്കുകയും നൂറോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സിഡിസിയുടെ പഠനം ഉദ്ധരിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്

അമീബ ഉള്ള വെള്ളത്തിൽ കുളിക്കുന്ന 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരാൻ സാധ്യതയുള്ളത്. എന്നാൽ കേരളത്തിൽ വ്യാപകമാകുന്നത് സർക്കാരിന്റെ അനാസ്ഥയാണ് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സർക്കാർ ആദ്യം മരിച്ചത് രണ്ട് പേരാണെന്ന് പറഞ്ഞുവെങ്കിലും, മാധ്യമങ്ങളുടെ ആക്ഷേപങ്ങൾക്കുശേഷം 17 പേർ മരിച്ചതായി വെളിപ്പെടുത്തി. പിന്നീട് രണ്ടുപേർ കൂടി മരിച്ചതോടെ എണ്ണം 19 ആയി. സർക്കാർ രേഖകളിൽ 66 പേർക്ക് രോഗം ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

രോഗവ്യാപനത്തെക്കുറിച്ചുള്ള ദുരൂഹത

ആദ്യമായി കുളത്തിലോ പുഴയിലോ കുളിച്ചതാണ് രോഗകാരണമെന്ന് കരുതിയിരുന്നുവെങ്കിലും, വീട്ടിൽ കുളിച്ചവർക്കും നാലുമാസം പ്രായമുള്ള കുഞ്ഞിനും രോഗം ബാധിച്ചതോടെ രോഗവ്യാപന രീതി കൂടുതൽ ദുരൂഹമായി.

“രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുകയാണ് വേണ്ടത്, എന്നാൽ സർക്കാർ അത് മറന്നുവെന്നതാണ് ദുരന്തം,” – എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

malayalampulse

malayalampulse