തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി ചിത്രം പതുക്കെ വ്യക്തമായിത്തുടങ്ങുന്നു. 15 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവരുന്നത്.
നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടം മണ്ഡലത്തിൽ വി. മുരളീധരനും മത്സരിക്കുമെന്നാണ് വിവരം. തൃശൂരിൽ നിന്ന് എം.ടി. രമേശും മഞ്ചേശ്വരത്ത് നിന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ജനവിധി തേടും.
അതേസമയം, ചെങ്ങന്നൂർ, കായകുളം, പാലക്കാട് മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്റെ പേരാണ് ശക്തമായി ഉയർന്നുകേൾക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ സാധ്യതാ പട്ടികയിൽ സി. കൃഷ്ണകുമാറിന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
കാട്ടക്കടയിൽ പി.കെ. കൃഷ്ണദാസിന് പകരം പുതുമുഖ സ്ഥാനാർഥിയെ ഇറക്കാനാണ് നീക്കം. വട്ടിയൂർകാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എ.എൻ. രാധാകൃഷ്ണന് ഇത്തവണ സീറ്റ് നൽകില്ലെന്ന സൂചനകളും ഉയരുന്നുണ്ട്.
സഖ്യകക്ഷി ധാരണ പ്രകാരം ബിഡിജെഎസിന് അഞ്ച് മണ്ഡലങ്ങളിൽ സീറ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. ട്വന്റി20 പാർട്ടിക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസരം നൽകും. കുന്നത്തുനാടിന് പുറമെ മൂവാറ്റുപുഴയും ട്വന്റി20യ്ക്ക് നൽകുമെന്നാണ് വിവരം.
പാറശാല മണ്ഡലത്തിൽ വിഷ്ണുപുരം ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥിയാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് സൂചന.
