തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർ പട്ടിക Election Commission of India പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടർമാരാണ് ഇത്തവണ പട്ടികയിലുള്ളത്.
പുരുഷ വോട്ടർമാർ 1,32,20,811 പേരും സ്ത്രീകൾ 1,39,21,868 പേരുമാണ്. പട്ടികയിൽ 273 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. ട്രാൻസ്ജെൻഡർ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണ്.
140 നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തിൽ. ഏറ്റവും കുറവ് വോട്ടർമാർ ഉള്ളത് എറണാകുളം മണ്ഡലത്തിലാണ് (1,36,223). ജില്ലാതലത്തിൽ മലപ്പുറമാണ് മുന്നിൽ; വയനാടാണ് ഏറ്റവും കുറവ് വോട്ടർമാർ ഉള്ള ജില്ല.
വയസ്‌പ്രകാരം പരിശോധിക്കുമ്പോൾ 30 മുതൽ 60 വയസ്സ് വരെയുള്ളവർ ഒന്നര കോടിയിലധികം. 60 വയസിന് മുകളിലുള്ളവർ 63,47,358 പേരാണ്. 110 മുതൽ 119 വരെ പ്രായമുള്ള 54 പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രവാസി വോട്ടർമാരുടെ എണ്ണം 2,42,093. ഇവരിൽ കൂടുതലുള്ളത് കോഴിക്കോട് ജില്ലയിലാണ്; ഏറ്റവും കുറവ് ഇടുക്കിയിലാണ് (791). ഭിന്നശേഷിക്കാരായ വോട്ടർമാരും കൂടുതലുള്ളത് കോഴിക്കോട് ജില്ലയിൽ തന്നെയാണ്.
സംസ്ഥാനത്ത് 53,984 സർവീസ് വോട്ടർമാരും ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, 890 സ്ഥാനാർത്ഥികളാണ് ഏപ്രിൽ 9-ന് ജനവിധി തേടുന്നത്.
