കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോടേക്കില്ല; ഹോം ഗ്രൗണ്ട് കൊച്ചി തന്നെ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റില്ല. ഐഎസ്എല്ലിൽ ടീമിന്റെ മത്സരങ്ങൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തന്നെ തുടരുമെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള വ്യക്തമാക്കി. മത്സരങ്ങൾ കൊച്ചിയിൽ നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഏറെ നാൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് അന്തിമ തീരുമാനം. മത്സരങ്ങൾക്കായി ജിസിഡിഎ സ്റ്റേഡിയം കുറഞ്ഞ വാടകയ്ക്ക് വിട്ടുനൽകും. മത്സരങ്ങൾക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. സ്റ്റേഡിയം സൗജന്യമായി നൽകണമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. എന്നാൽ ജിസിഡിഎയ്ക്ക് നഷ്ടമില്ലാത്ത രീതിയിൽ വിഷയം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഭൂരിഭാഗം പണികളും പൂർത്തിയായിട്ടുണ്ട്. ചെറിയ ചില ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും ചന്ദ്രൻ പിള്ള പറഞ്ഞു.

ഐഎസ്എല്ലിന്റെ 12ാം സീസൺ അടുത്തെത്തിയിരിക്കെ ഹോം ഗ്രൗണ്ട് തീരുമാനിക്കാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് സമ്മർദത്തിലായിരുന്നു. പ്രവർത്തന ചെലവ് 50 ശതമാനം വരെ കുറയുമെന്ന കണക്കുകൂട്ടലിലാണ് ആദ്യം മത്സരങ്ങൾ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാൻ ആലോചിച്ചത്. എന്നാൽ ജിസിഡിഎ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനിച്ചു.

malayalampulse

malayalampulse