തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് കിരീടത്തിന് പുതിയ അവകാശികള്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തലയുയര്‍ത്തി നിന്നതോടെ പിറന്നത് പുതുചരിത്രം. കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്‌ലേഴ്‌സിന്റെ മോഹം സഫലമായില്ല. 75 റണ്‍സ് ജയവുമായി കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കൊച്ചി കപ്പുയര്‍ത്തി.
കൊച്ചി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 106 റണ്‍സിന് പുറത്തായി. തുടക്കത്തില്‍ തന്നെ പതറിപ്പോയ കൊല്ലത്തിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. സാലി സാംസണും വിനൂപ് മനോഹരനും കൊച്ചിക്ക് കരുത്തേകി. വിനൂപിന്റെ പൊട്ടിത്തെറിയാണ് കൊച്ചിക്ക് കരുത്തായത്. 30 പന്തില്‍ നിന്ന് 70 റണ്‍സാണ് വിനൂപ് നേടിയത്.
കൊച്ചിയുടെ സ്‌കോര്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 181. ആല്‍ഫി ഫ്രാന്‍സിസ് 47 റണ്‍സ് നേടി പുറത്താകാതെ നിന്നു. കൊല്ലത്തിനായി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ കൊല്ലം തുടക്കത്തില്‍ തന്നെ പിഴച്ചു. ഭരത് സൂര്യ, അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി തുടങ്ങി മുന്‍നിര താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 106 റണ്‍സില്‍ മുഴുവന്‍ ടീമും പുറത്തായി.
75 റണ്‍സിന്റെ വൻജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസിഎൽ 2025 ചാമ്പ്യന്മാരായി.
