ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സതീശൻ; ധനകാര്യത്തെ സ്വന്തം തറവാട്ട് കാര്യമായിട്ടല്ല കാണുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നിയമസഭ കണ്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണെന്ന് ആരോപിച്ചപ്പോൾ, ധനമന്ത്രി കെഎൻ ബാലഗോപാൽ സർക്കാരിന്റെ നിലപാട് പ്രതിപാദിച്ച് മറുപടി നൽകി.

ധനകാര്യ മന്ത്രിയായതുകൊണ്ട് തൻ്റെ “തറവാട്ട് കാര്യമായിട്ടല്ല” ധനകാര്യത്തെ കാണുന്നതെന്ന് ബാലഗോപാൽ മറുപടിയുടെ ആരംഭത്തിൽ പറഞ്ഞു. നികുതിയേതര വരുമാനം വർദ്ധിച്ചതിനാലാണ് സംസ്ഥാനത്തിന് പ്രതിസന്ധി മറികടക്കാൻ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതെ നയിക്കുന്നത് ധന വിനിയോഗ മാനേജ്മെന്റ് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധിയാണ്. ചെക്ക് പോലും മാറാൻ കഴിയുന്നില്ല” എന്നാണ് വിഡി സതീശൻ ആരോപിച്ചത്. പദ്ധതികളിലും മെഡിക്കൽ സർവീസസ് കോർപറേഷനിലും പ്രതിസന്ധി ഗുരുതരമാണെന്നും, ജീവനക്കാരുടെയും പെൻഷൻക്കാരുടെയും കുടിശികയായി നൽകാനുള്ളത് ഒരു ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ജിഎസ്ടി ഇന്‍റലിജന്‍സുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും, ഇപ്പോൾ ചട്ടലംഘനമാകാത്തതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു:

“ഹൃദയപൂർവം ആളുകളെ ചേർത്ത് നിർത്തുക എന്നതാണ് സർക്കാരിന്റെ സമീപനം. ആയിരങ്ങൾ ഹൃദയം കവർന്നതിനാലാണ് പിന്തുണ ലഭിക്കുന്നത്. ഈ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ വിഴിഞ്ഞം തുറമുഖം സ്വപ്നമായിരിക്കും.” കോൺട്രാക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പണം നൽകുന്നതിൽ തടസമില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ സ്ഥാപനങ്ങൾക്കും പണം വിതരണം ചെയ്യും എന്നും ഉറപ്പുനൽകി. നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഇളവൊന്നും നൽകില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി.

പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴൽനാടൻ സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളെ വിമർശിച്ചു. പദ്ധതികൾ വെട്ടിക്കുറച്ച് കുറുക്കുവഴിയിൽ സമ്പദ്‌ഘടനയെ കൊണ്ടുപോകുകയാണെന്നും നികുതി പിരിവിൽ വലിയ വീഴ്ചയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

malayalampulse

malayalampulse