തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബറിൽ നടക്കും.
ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9ന്, രണ്ടാമത്തേത് ഡിസംബർ 11ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും.
നവംബർ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നവംബർ 21 വരെ സമർപ്പിക്കാം.
ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ നടക്കും.
രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും വോട്ടെടുപ്പ്.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ പിന്നീട് തെരഞ്ഞെടുപ്പ് നടത്തും.
ആകെ 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. 33,746 പോളിങ് സ്റ്റേഷനുകളും, 1.80 ലക്ഷം ഉദ്യോഗസ്ഥരും, 70,000 പൊലീസ് ജീവനക്കാരും തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം തടയാൻ പ്രത്യേക സംവിധാനം ഒരുക്കും.
⚖️ പെരുമാറ്റച്ചട്ടം നിലവിൽ
മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.
ജാതി, മതം, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മാധ്യമങ്ങൾക്കും പെരുമാറ്റച്ചട്ടം ബാധകമാണ്.
പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തും.
വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടത്തും.
പ്രചാരണ സമയത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത്.
ഹരിത ചട്ടം പാലിച്ച് പ്രചാരണം നടത്തണം എന്നും കമ്മീഷൻ നിർദ്ദേശിച്ചു.
