തിരുവനന്തപുരം:
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ പത്രികകൾ തള്ളപ്പെട്ടതോടെ ചില വിഭാഗങ്ങളിൽ നേരിട്ട് വിജയസാധ്യതകൾ വരെ രൂപപ്പെട്ടിട്ടുണ്ട്.
എറണാകുളം: യുഡിഎഫിന് കടമക്കുടിയിൽ തിരിച്ചടി
എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എൽസി ജോർജിന്റെ നാമനിർദേശപത്രിക തള്ളപ്പെട്ടു. പട്ടികയിൽ വോട്ട് ഇല്ലെന്ന് കണ്ടെത്തിയതാണ് നടപടി. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എൽസി ജോർജിന് ഇത് വലിയ തിരിച്ചടിയാണ്.
തൃക്കാക്കര നഗരസഭയിലെ ഡിവിഷൻ 12–ൽ സിപിഐഎം സ്ഥാനാർഥി കെ. കെ. സന്തോഷിന്‍റെ പത്രികയും സത്യപ്രസ്താവന ഒപ്പിടാത്തത് കാരണം തള്ളപ്പെട്ടു.
വയനാട്: നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
വയനാട് കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർഥിയായി പ്രതീക്ഷിച്ചിരുന്ന കെ. ജി. രവീന്ദ്രൻ സമർപ്പിച്ച പത്രിക തള്ളപ്പെട്ടു.
പിഴ അടയ്ക്കാത്ത കേസുമായി ബന്ധപ്പെട്ടാണ് 23ാം വാർഡിലെ പത്രിക തള്ളിയത്.
കണ്ണൂർ: ഒരു വാർഡിൽ എൽഡിഎഫ് എതിരില്ലാതെ
കണ്ണൂർ മലപ്പട്ടം പഞ്ചായത്ത് കൊവുന്തല വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ പത്രിക തള്ളപ്പെട്ടു.
ഇതോടെ എൽഡിഎഫ് സ്ഥാനാർഥി എം. വി. ഷിഗിന എതിരില്ലാതെ വിജയിച്ചു.
മലപ്പട്ടത്ത് മൂന്ന് വാർഡുകളിൽ എൽഡിഎഫിന് എതിരില്ലാതെ പോകാനുള്ള സാഹചര്യമുണ്ടായി.
മലപ്പുറം: ഏറ്റവും കൂടുതൽ പത്രിക സമർപ്പിച്ചത്
മലപ്പുറം ജില്ലയിൽ ആണ് ഈ തവണ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ സമർപ്പിച്ചത്.
വയനാട്ടിലാണ് ഏറ്റവും കുറവ്.
വഴിക്കടവ് പഞ്ചായത്ത് നാരോക്കാവ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ശിഫ്ന ശിഹാബിന്റെ പത്രിക തള്ളി. കുടുംബശ്രീ പദ്ധതിയിൽ ഓണറേറിയം കൈപ്പറ്റുന്നതായാണ് കണ്ടെത്തിയത്.
വളാഞ്ചേരി നഗരസഭയിലെ 29-ാം ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി ധന്യയുടെ പത്രികയും തള്ളി. ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ജോലി രാജിവക്കാതെയാണ് പത്രിക സമർപ്പിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തൃശൂർ: ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളി
തൃശൂർ ശ്രീനാരായണപുരം പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളപ്പെട്ടു.
കൊല്ലം: യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി
വിളക്കുടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എസ്. നാസറുദ്ദീൻ പഞ്ചായത്ത് ജോലികളുടെ കരാറിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയതോടെ പത്രിക തള്ളിയിരുന്നു.
പാലക്കാട് – ആലപ്പുഴ: നിരവധി പത്രികകൾ തള്ളപ്പെട്ടു
പാലക്കാട് നഗരസഭയിൽ എൽഡിഎഫിന്റെ രണ്ട് സ്ഥാനാർഥികളുടെ പത്രികകളും
ആലപ്പുഴ നഗരസഭയിൽ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർഥി കെ. കെ. പൊന്നപ്പന്റെ പത്രികയും തള്ളപ്പെട്ടു.
