തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഡിസംബർ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരം ഇന്നും (ചൊവ്വ) നാളെയും (ബുധൻ) ലഭ്യമാണ്.
ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കായി ഈ പ്രത്യേക അവസരം ഒരുക്കിയിരിക്കുകയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയ ആവശ്യങ്ങൾക്കും അപേക്ഷിക്കാം. പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നവംബർ 14-ന് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും.
2025 ജനുവരി 1-ന് അല്ലെങ്കിൽ അതിന് മുൻപ് 18 വയസ് പൂർത്തിയാക്കിയവർ വോട്ടർ പട്ടികയിൽ ഉൾപ്പെടും.
