പ്രസവാവധി: ഒടുവിൽ പിഴവ് തിരുത്തി സർക്കാർ; പുതുക്കിയ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ പിഴവ് തിരുത്തി സർക്കാർ പുതുക്കിയ ഉത്തരവ് പുറത്തിറക്കി.

സ്വകാര്യ സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്കും ബാധകമായ ഉത്തരവാണ് ധനവകുപ്പ് പുറത്തിറക്കിയത്.

ലക്ഷക്കണക്കിന് വനിതകളെ ബാധിക്കുന്ന പഴയ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയായ കുസുമം ആർ. പുന്നപ്ര നടത്തിയ നിരന്തര പോരാട്ടത്തിനൊടുവിലാണ് സർക്കാർ നടപടി. ഫെബ്രുവരി 28ന് ഈ വിഷയത്തെക്കുറിച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.

2021 ജനുവരി 14നാണ് പ്രസവാനുകൂല്യവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത്. പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് മുൻപുള്ള 12 മാസത്തിനിടെ കുറഞ്ഞത് 80 ദിവസം ജോലി ചെയ്തിട്ടുണ്ടെങ്കിൽ പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ പിന്നീട് പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലെ വാചകത്തിലെ പിഴവ് കാരണം പലർക്കും ആനുകൂല്യം ലഭിക്കാതെയായി.

നേരത്തെ ഉത്തരവിൽ “പ്രസവം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിവസത്തിന് തൊട്ടുമുമ്പ് 80 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം” എന്നായിരുന്നു വ്യവസ്ഥ.

പ്രസവത്തിന് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ കാരണം പലപ്പോഴും അവധി എടുക്കേണ്ടിവരുന്ന സ്ത്രീകൾക്ക് ഇത് വലിയ തിരിച്ചടിയായി. ഇതോടെ നിരവധി വനിതകൾക്ക് പ്രസവാവധി ആനുകൂല്യം നിഷേധിക്കപ്പെട്ടിരുന്നു.

പുതുക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥ

പുതുക്കിയ ഉത്തരവ് പ്രകാരം:

കരാർ കാലാവധി പരിഗണിക്കാതെ, പ്രസവം നടക്കാനിടയുള്ള തീയതിക്കോ അബോർഷൻ സംഭവിക്കുന്ന തീയതിക്കോ തൊട്ടുമുമ്പുള്ള 12 മാസത്തിനിടെ, ഇടവേളയോടെയോ അല്ലാതെയോ, ഒരേ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ കുറഞ്ഞത് 80 ദിവസം ജോലി ചെയ്ത വനിതകൾക്ക് കേരള സർവീസ് ചട്ടങ്ങൾ പ്രകാരമുള്ള പ്രസവാവധിയും അനുബന്ധ ആനുകൂല്യങ്ങളും അനുവദിക്കും.

ഈ ഉത്തരവ് 2021 ജനുവരി 4 മുതൽ പ്രാബല്യത്തിൽ വരും എന്നാണ് സർക്കാർ വ്യക്തമാക്കിയത്.

malayalampulse

malayalampulse