തിരുവനന്തപുരം: കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഓണാശംസാ വീഡിയോയ്ക്ക് കീഴിൽ വിമർശന-ട്രോൾ കമന്റുകളുടെ പൂരം. “സഹായത്തിന് വിളിച്ചോണം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്ത് ആവശ്യത്തിനും 112 നമ്പറിൽ വിളിക്കാമെന്ന സന്ദേശമാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ, കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദന സംഭവം ഓർമിപ്പിച്ചുകൊണ്ടാണ് കമന്റുകൾ നിറഞ്ഞത്.
“എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ട് ഇടിക്കാനല്ലേ മാമാ…” “എന്തിന് സിസിടിവി ഇല്ലാത്ത സ്ഥലത്തിട്ട് ഇടിക്കാനാണോ?” “സ്റ്റേഷനിൽ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ?” എന്നിങ്ങനെ ട്രോളുകളാണ് താഴെ നിറഞ്ഞത്.
“സഹായത്തിന് വിളിച്ചോണം ഇല്ലെങ്കിൽ എല്ലാത്തിനെയും കുനിച്ച് നിർത്തി ഇടിക്കും” എന്നൊരു പരിഹാസകമന്റും ശ്രദ്ധ നേടുന്നു. “കുന്നംകുളം പഴയ SI നുഹ്മാനെ പോലെയുള്ളവർ ചെയ്യുന്ന സഹായങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല” എന്നൊരാൾ എഴുതിയത് മറ്റുള്ളവരുടെ പ്രതിഷേധത്തോടൊപ്പം പൊലീസിനെതിരായ കോപത്തെയും വെളിപ്പെടുത്തുന്നു.
ഓണാശംസകൾ നേർന്നു തുടങ്ങിയത് പൊലീസിനും തിരിച്ചടിയായി മാറിയിരിക്കുകയാണ്.
