പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കില്ലെന്നും ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തില്ലെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യതയെ തുടർന്ന് ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാർ എടുത്തിട്ടുണ്ടെങ്കിലും, അതിന് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ജലവൈദ്യുത പദ്ധതികളാണ് നിലവിലെ ക്ഷാമത്തിന് പ്രധാന പരിഹാരമെന്നും, മറ്റ് ബദൽ മാർഗങ്ങൾക്ക് വലിയ ചിലവ് ആവശ്യമായതിനാൽ അവയെ പ്രാഥമികമായി പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലും സർക്കാർ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
