തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നത് വിലക്കി സർക്കാർ വീണ്ടും ഉത്തരവിട്ടു. സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പുറത്തിറക്കിയ സർക്കുലർ.
പിഎസ്‌സി പരിശീലനകേന്ദ്രങ്ങൾ, സ്വകാര്യ ട്യൂട്ടോറിയൽ കേന്ദ്രങ്ങൾ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളിൽ പഠിപ്പിക്കുന്നതും, ബന്ധപ്പെട്ട പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതും ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സർക്കുലറിൽ വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേരിട്ടോ പരോക്ഷമായോ പിന്തുണ നൽകാൻ പാടില്ലെന്നും, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു. നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
